മാള:പ്രശസ്ത സിനിമ പരസ്യകല ചിത്രകാരൻ നീതി കൊടുങ്ങല്ലൂരിന് വീട് ഒരുങ്ങുന്നു. മകളുടെ ഓര്‍മ്മയ്ക്കായി നടൻ സുരേഷ് ഗോപി രൂപീകരിച്ച ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് നീതിയുടെ സ്വപ്‌നവീടും പൂര്‍ത്തിയാകുന്നത്. ഇതിനോടകം നൂറിലധികം വീടുകളാണ് ഈ ട്രസ്റ്റിന്റെ കീഴില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. മലയാളവും തമിഴുമടക്കം മൂന്നൂറിൽ പരം ചിത്രങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള നീതി ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്. മാളയ്ക്കടുത്ത് പൊയ്യ പഞ്ചായത്തിലെ ആറാം വാർഡിൽ, പൂപ്പത്തിയില്‍ സ്വന്തമായുള്ള പതിനാല് സെന്റ് ഭൂമി കാടുപിടിച്ച് കിടക്കുകയാണ്. അവിടെ ഒരു കിടപ്പാടംപോലും വയ്ക്കാന്‍ കഴിയാത്ത നീതിയുടെ ദുരിതപൂര്‍വ്വമായ അവസ്ഥ അറിഞ്ഞതിനെ തുടർന്നാണ് നടന്‍ സുരേഷ്‌ഗോപി നീതിക്കൊരു വീട് വച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. നീതിയുടെ വീടിന്റെ പ്ലാനടക്കം പൂര്‍ത്തിയായി.
മാള ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകരാണ് വീടിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്.
മാള മണ്ഡലം പ്രസിഡൻ്റ് കെ.എസ്.അനൂപ്, വാർഡ് മെമ്പർ അനില സുനിലിൻ്റെയും പേരിൽ ആരംഭിച്ച ജോയിൻ്റ് അക്കൗണ്ടിലാണ് സുരേഷ് ഗോപി നാല് ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. വൈകാതെ തന്നെ വീടിന്റെ തറകല്ലിടീല്‍ നടക്കും.
ഇത്ര പെട്ടെന്നൊന്നും കാര്യങ്ങള്‍ നടക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പോലും കരുതിയതല്ലയെന്നും സുരേഷ്‌ഗോപിയോടുള്ള നന്ദി എങ്ങനെ പറഞ്ഞറിയിക്കണമെന്നും എനിക്കറിയില്ലയെന്നും നീതി പറഞ്ഞു. അദ്ദേഹം വരികയാണെങ്കിൽ നൽകാനായി സുരേഷ് ഗോപിയുടെ വിത്യസ്ഥ രണ്ട് ചിത്രങ്ങൾ തയ്യാറാക്കി കാത്തിരിക്കുകയാണ് നീതി കൊടുങ്ങല്ലൂർ.
Comments