പാലക്കാട് മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തിൽ ദൃക്സാക്ഷിയുടെ മൊഴിയിൽ ഗൗരവമായ അന്വേഷണം നടത്തണം. അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നാണ് ഷാജഹാന്‍ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷാജഹാന്‍റെ ഇടത് കയ്യിലും ഇടത് കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
Comments